മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സോഷ്യൽ മീഡിയയിൽ വൈറലായ 'കിളിപാറിയ' ഒപ്പ്; ഇതാണ് ആ ഒപ്പിന് പിന്നിലെ ആൾ...

സോഷ്യൽ മീഡിയയിൽ വൈറലായ 'കിളിപാറിയ' ഒപ്പ്; ഇതാണ് ആ ഒപ്പിന് പിന്നിലെ ആൾ...

 


കല്പറ്റ:- സംഭവം സിംപിളാണെന്ന് പറയും, മാനന്തവാടി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ. ജയൻ എന്നെഴുതി എം.കെ. എന്ന ഇനീഷ്യൽകൂടി ചേർക്കണം. അത്രയേ ഉള്ളൂ.. ദാ ഇങ്ങനെ.. സിംപിളായി...ചിത്രഭംഗികൊണ്ട് വൈറലായൊരു ഒപ്പിടുന്ന രഹസ്യമാണിത്. ' വരയ്ക്കാൻ കഴിവുണ്ടെന്നുവെച്ച് ഇത്രേം അഹങ്കാരം പാടില്ല..' എന്ന അടിക്കുറിപ്പിൽ വാട്സാപ്പ് ഗ്രൂപ്പുകളിൽ പറക്കുകയാണിപ്പോൾ എം.കെ. ജയന്റെ ഒപ്പ്.

മാനന്തവാടി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറും സെക്രട്ടറിയുമായ എം.കെ. ജയൻ ഔദ്യോഗിക രേഖകളിലൊന്നിൽ ചാർത്തിയ ഒപ്പാണ് ആരോ ഫോട്ടൊയെടുത്ത് നവമാധ്യമങ്ങളിൽ വൈറലാക്കിയത്. എല്ലാവരെയുംപോലെ "പത്താംക്ലാസിൽ അധ്യാപികയുടെ നിർദേശപ്രകാരമാണ് ഒപ്പിടാൻ ശ്രമിച്ചത്. വെറുതേ പേരെഴുതി അടിയിൽ ഒരുവരയും വരച്ചൊരു ഒപ്പിടരുതെന്ന് അന്ന് ടീച്ചർ പറഞ്ഞിരുന്നു. നാളെ ഒപ്പിട്ടു പഠിച്ചുവരണമെന്ന നിർദേശവും. അന്ന് അല്പം ചിത്രംവരയൊക്കെയുണ്ട്. അതിനാൽ പരമാവധി ഭംഗിയാക്കി ഒപ്പിട്ടു....''- ഒപ്പിട്ടു തുടങ്ങിയ കഥ ജയൻ പറയുന്നു.

അന്നുമുതൽ ഇന്നുവരെ ഒരുമാറ്റവുമില്ലാതെ ഒപ്പിടും. ഇപ്പോൾ ഔദ്യോഗികാവശ്യങ്ങളുടെ തിരക്കിൽ ദിവസേന നൂറുകണക്കിന് ഒപ്പിടേണ്ടിവരും. എന്നാലും എല്ലാം ഒരുപോലിരിക്കും. ഒപ്പിട്ടുകൊടുക്കുമ്പോൾ ചിലർ ശ്രദ്ധിക്കുന്നത് കാണാറുണ്ട്. വലിയ ഒപ്പുള്ളവർ ചുരുക്കിയെഴുതാനൊരു ഒപ്പുമുണ്ടാക്കും. തനിക്ക് അതില്ല, ഒരൊറ്റ ഒപ്പേയുള്ളൂവെന്ന് ജയൻ പറയുന്നു. ചെറിയ കോളത്തിൽ ഇൗ സുന്ദരൻ ഒപ്പിടാൻ അല്പം പ്രയാസമുണ്ട്. ബിൽബുക്കുകൾ ശരിക്കും കുഴപ്പിക്കും. എന്നാലും അല്പം വിസ്തരിച്ച് ഭംഗിയോടെ ഈ ഒപ്പുതന്നെ മതിയെന്നാണ് ജയന്റെ പക്ഷം.

ചിത്രരചനയ്ക്കൊപ്പം ജയൻ കുപ്പാടിയെന്ന പേരിൽ കവിതകളും എഴുതാറുണ്ട് ഇദ്ദേഹം. മൂലങ്കാവ് ഹൈസ്കൂൾ അധ്യാപിക മിനിയാണ് ഭാര്യ. യുവകവികളിൽ ശ്രദ്ധേയനായ ദ്രുപദ് ഗൗതമും മൗര്യ ചിന്മയിയും മക്കൾ. ഒപ്പിനെ ചുറ്റിയുള്ള ട്രോളുകളും കമന്റുകളും ആസ്വദിക്കുന്നുണ്ട് ജയനും കുടുംബവും. കൊറോണ വൈറസിനുശേഷം വൈറലായത് തന്റെ ഒപ്പാണെന്ന രസികൻ സെൽഫ് ട്രോളുമുണ്ട് ജയന്റെ വക.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്