മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണൂർ സ്വദേശിനിക്ക് നേരെ കോഴിക്കോട് നഗരത്തിൽ ആസിഡ് ആക്രമണം; പ്രതിയെ പിടികൂടി

കണ്ണൂർ സ്വദേശിനിക്ക് നേരെ കോഴിക്കോട് നഗരത്തിൽ ആസിഡ് ആക്രമണം; പ്രതിയെ പിടികൂടി



കോഴിക്കോട്: യുവതിക്കുനേരെ ആസിഡ് ആക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ. പൊറ്റമ്മലിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരിയായ കണ്ണൂർ നെല്ലിക്കുറ്റി സ്വദേശിയായ യുവതിക്കുനേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഇരിക്കൂർ കൊശവൻവയൽ സിന്ധു നിവാസിൽ വിഷ്ണു(28)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാവിലെ 10 മണിയോടെ തൊണ്ടയാടുള്ള ഹോസ്റ്റലിൽനിന്ന് ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന യുവതിയുടെ തലയിലൂടെ ആസിഡ് ഒഴിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വീര്യം കുറഞ്ഞ ആസിഡായതിനാൽ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രിയധികൃതർ അറിയിച്ചു.

ആസിഡ് ഒഴിച്ചശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണുവിനെ നാട്ടുകാരാണ് പിടികൂടിയത്. മർദനമേറ്റ് അവശനായ വിഷ്ണുവിനെ മെഡിക്കൽ കോളേജ് പോലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡിസ്ചാർജ് ചെയ്തു. ആസിഡ് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതിനും സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് വിഷ്ണുവിന്റെ പേരിൽ കേസെടുത്തത്.

യുവാവുമായി 2017 മുതൽ ഫെയ്സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്നും ഇയാൾ വിവാഹം കഴിച്ചതോടെ തെറ്റിപ്പിരിഞ്ഞെന്നും യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഗൾഫിൽ എൻജിനിയറായിരുന്ന പ്രതി പിന്നീട് ഭാര്യയിൽനിന്ന് വിവാഹമോചനത്തിനായുള്ള കേസ് ഫയൽ ചെയ്തു. തുടർന്ന് വീണ്ടും സൗഹൃദം സ്ഥാപിച്ച് ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ മാസങ്ങൾക്കുമുമ്പ് യുവതി പോലീസിൽ പരാതി നൽകി. അന്ന് പോലീസ് താക്കീത് നൽകുകയും ഉപദ്രവിക്കില്ലെന്ന് എഴുതിവാങ്ങിക്കുകയും ചെയ്തിരുന്നു.

മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടർ എം.എൽ. ബെന്നിലാലുവിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ പി.കെ. അബ്ദുൾ റസാക്ക്, പി.കെ. ജ്യോതി, സി.പി.ഒ. മാരായ വിനോദ്കുമാർ, അരുൺകുമാർ, എൻ.പി. ആശ, ഹോംഗാർഡ് ബിജു എന്നിവരാണ് കേസന്വേഷിക്കുന്നത്.




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്