മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

'പുട്ട് കുടുംബ ബന്ധങ്ങളെ തകര്‍ക്കും'; വൈറലായി മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ്

'പുട്ട് കുടുംബ ബന്ധങ്ങളെ തകര്‍ക്കും'; വൈറലായി മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ്



കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നു നമ്മുടെ പുട്ട്. മലയാളിയുടെ പ്രഭാത ഭക്ഷണ ലിസ്റ്റില്‍ മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്ന പുട്ടിനെ സൂക്ഷിക്കണം, ഒരുപക്ഷേ കുടുംബ ബന്ധങ്ങള്‍ തന്നെ പുട്ട് ഇല്ലാതാക്കിയേക്കാം എന്നാണ് കോഴിക്കോട് മുക്കത്തെ ഒരു മൂന്നാം ക്ലാസുകാരന്റെ കുറിപ്പ്.

ഇഷ്ടമല്ലാത്ത ഭക്ഷണത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാനായിരുന്നു പരീക്ഷയ്ക്ക് വന്ന ചോദ്യം. അതിനാണ് തനിക്ക് പുട്ട് ഇഷ്ടമല്ലാത്തതിന്റെ കാരണവും വിദ്യാര്‍ത്ഥി രസകരമായി എഴുതിയിരിക്കുന്നത്.

'എനിക്ക് ഇഷ്ടമല്ലാത്ത ഭക്ഷണം പുട്ടാണ്. കേരളീയ ഭക്ഷണമായ പുട്ട് അരി കൊണ്ടാണ് തയ്യാറാക്കുന്നത്. ഇത് തയ്യാറാക്കാന്‍ വളരെ എളുപ്പം ആയതിനാല്‍ എല്ലാ ദിവസവും രാവിലെ അമ്മ ഇത് തന്നെയാണ് ഉണ്ടാക്കുന്നത്. ഉണ്ടാക്കി അഞ്ച് മിനിട്ട് കഴിഞ്ഞാല്‍ പുട്ട് പാറ പോലെയാവും. പിന്നെ എനിക്കത് കഴിക്കാന്‍ കഴിയില്ല'. വിദ്യാര്‍ത്ഥി പറയുന്നു.

വേറെ എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കി തരാന്‍ പറഞ്ഞാല്‍ അമ്മ അത് ചെയ്യില്ല. അപ്പോള്‍ ഞാന്‍ പട്ടിണി കിടക്കും. അതിന് അമ്മ തന്നെ വഴക്ക് പറയുമെന്നും അപ്പോള്‍ താന്‍ കരയുമെന്നും പറഞ്ഞ വിദ്യാര്‍ത്ഥി പുട്ട് കുടുംബ ബന്ധങ്ങളെ തകര്‍ക്കുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഉത്തരപേപ്പര്‍ മൂല്യനിര്‍ണയം നടത്തിയ അധ്യാപിക 'എക്‌സലന്റ്' എന്നാണ് രസകരമായ ഉത്തരത്തെ വിശേഷിപ്പിച്ചത്. ബെംഗളൂരൂ എസ്.എഫ്.എസ്. അക്കാദമി ഇലക്ട്രോണിക്‌സ് സിറ്റിയിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജയിസ് ജോസഫ്. മുക്കം മാമ്പറ്റ സ്വദേശി സോജി ജോസഫ്ദിയ ജെയിംസ് ജോസഫ് ദമ്പതിമാരുടെ മകനാണ് ജയിസ്. ഇതിനോടകം തന്നെ നിരവധിപ്പേരാണ് ഈ ഉത്തരക്കടലാസ് സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്