കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പ്രതി രക്ഷപ്പെട്ടു
മൂന്ന് പൊലീസുകാരെ തള്ളിമാറ്റി, കൈ വിലങ്ങുമായാണ് റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടത്
കാസര്‍കോട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ റിമാന്‍ഡ് പ്രതി ഓടി രക്ഷപ്പെട്ടു. മയക്കുമരുന്ന് കേസ് പ്രതിയായ ആലമ്പാടി സ്വദേശി അമീര്‍ അലിയാണ് ഓടി രക്ഷപ്പെട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കാണ് പ്രതിയെ കൊണ്ടുപോയത്. എആര്‍ ക്യാംപിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. എന്നാല്‍ കാസര്‍കോട് എത്തിയപ്പോള്‍ ഇയാള്‍ പൊലീസിനെ തള്ളിമാറ്റി വിലങ്ങോടെ ഓടി രക്ഷപ്പെടുകയായിരുന്നു.
മെയ് 12ന് ബദിയടുക്കയില്‍ വച്ചാണ് 8 ഗ്രാം എംഡിഎംഎയുമായി അമീര്‍ അലി പിടിയിലായത്. ഇയാള്‍ സഞ്ചരിച്ച നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത കാറില്‍ നിന്ന് രണ്ട് കൈത്തോക്കുകളും ബദിയടുക്ക പൊലീസ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. അമീര്‍ അലി വേറെയും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇയാള്‍ രക്ഷപ്പെട്ടതിലെ സുരക്ഷാ വീഴ്ചയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് അന്വേഷണം ആരംഭിച്ചു. വിദ്യാ നഗര്‍, ബദിയടുക്ക,കാസര്‍കോട് ടൗണ്‍ ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചു.

Post a Comment