പാചകവാതകത്തിന്റെ തീ വിലയിൽ നട്ടംതിരിയുമ്പോൾ ഗ്യാസിനെ വെല്ലാൻ പുതുതലമുറയിലെ വിറകടുപ്പുകളുമായി കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ്.
ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ അടുപ്പുകൾ കേരളത്തിൽ വ്യാപകമാക്കാനാണ് ഉദ്ദേശിക്കുന്നത്.വീടുകളിലെ സാധാരണ അടുപ്പുകളിൽ വിറകിന്റെ എട്ട് ശതമാനം ചൂട് മാത്രമേ ഉപയോഗിക്കാൻ പറ്റൂ. പരിഷത്തിന്റെത് പോലുള്ള അടുപ്പുകളിൽ ഇത് 21 ശതമാനം വരെ ലഭിക്കും. അതേസമയം 'അഗ്നിമിത്ര' എന്ന് പേരിട്ടിട്ടുള്ള ഈ വിറകടുപ്പിൽനിന്ന് 41 ശതമാനംവരെ ചൂട് ഉപയോഗപ്പെടുത്താൻ പറ്റും. പുക തീരെയില്ല. പാചകം വേഗം സാധ്യമാകും. എന്നിവ ഈ വിറകടുപ്പുകളുടെ പ്രത്യേകതയാണ്.
ചെറിയ മുറികളിൽ, വീടുകളിൽ, ഹോട്ടലുകളിൽ ഉപയോഗിക്കാൻ പറ്റുന്ന വ്യത്യസ്തങ്ങളായ അടുപ്പുകളുണ്ട്. ഇറച്ചിയും മറ്റും ചുട്ടെടുക്കാനുള്ള ഗ്രിൽ സംവിധാനുമുള്ള അടുപ്പുകളും കൂട്ടത്തിലുണ്ട്. ഒരു മണിക്കൂറിൽ മൂന്ന് കിലോഗ്രാം വിറക് മുതൽ മുകളിലോട്ടുള്ള അടുപ്പുകൾ തന്നെ പത്തു തരമുണ്ട്.
പോർട്ടബിൾ അടുപ്പുകൾക്കാണ് കൂടുതൽ പ്രിയം. അടുപ്പിന് സാധാരണ രണ്ട് ദ്വാരമാണ് ഉണ്ടാവുക. ഒന്നു വിറക് വെക്കാനും മറ്റൊന്ന് ചാരം മാറ്റാനും. ചെറിയ കഷണങ്ങളായി വിറക് ഉപയോഗിക്കണം. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ പ്രൊഫ. എച്ച്.എസ് മുകുന്ദയുടെ നേതൃത്വത്തിലുള്ള ടീമാണ് പുതിയ തരം അടുപ്പുകൾ ഒരുക്കുന്നത്.
കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് അസി. പ്രൊഫസർ എ സുകേഷ്, റിസർച്ച് സ്‌കോളർ സച്ചിൻ പയ്യനാട്, അസി. പ്രൊഫ ധനുഷ് ചട്ട എന്നിവർ ഉൾപ്പെടുന്ന ടീമാണ് കണ്ണൂരിൽ ഇതിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
പുതുതലമുറ അടുപ്പുകളുടെ പ്രദർശനം
കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിലെ സെന്റർ ഓഫ് എക്‌സലൻസ് ഇൻ സിസ്റ്റംസ് എനർജി ആൻഡ് എൻവയൺമെന്റിന്റെ നേതൃത്വത്തിൽ മേയ് 12-ന് രാവിലെ 10 മണിക്ക് കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ പുതുതലമുറ അടുപ്പുകളുടെ പ്രദർശനം സംഘടിപ്പിക്കും.
പൊതുജനങ്ങൾക്ക് പ്രവേശനമുള്ള ഈ പ്രദർശനത്തിൽ ഇന്ധനക്ഷമത കൂടിയ പുകയില്ലാത്ത പലതരം നൂതന അടുപ്പുകളെ പരിചയപ്പെടുത്തും.
വിവിധ മാതൃകകൾ
പാചകവാതകത്തിന്റെ വില അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ, ദോശക്കല്ലടുപ്പ്, ബാർബിക്യു അടുപ്പ്, സാധാരണ അടുപ്പ്, സാനിറ്ററി പാഡുകൾ സംസ്കരിക്കുന്ന ഇൻസിനറേറ്റർ തുടങ്ങി ആവശ്യങ്ങൾക്ക് അനുസരിച്ച് രൂപകല്പന ചെയ്ത വിവിധ മോഡലുകൾ പ്രദർശനത്തിനുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495241299.

Post a Comment