കണ്ണൂർ കോർപ്പറേഷൻ 2021- 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് നൽകുന്ന സഹായ ഉപകരണങ്ങളുടെ വിതരണം കോർപ്പറേഷൻ കൗൺസിൽ ഹാളിൽ വെച്ച് മേയർ അഡ്വ. ടി ഒ മോഹനൻ നിർവ്വഹിച്ചു. മുൻസിപ്പൽ പ്രദേശത്തെയും പള്ളിക്കുന്ന് സോണൽ പരിധിയിലെയും ഭിന്നശേഷിക്കാർക്കുള്ള ഉപകരണമാണ് ഇന്ന് വിതരണം ചെയ്തത്. ഭിന്നശേഷിക്കാർക്കുള്ള ഉപകരണ വിതരണത്തിനായി നേരത്തെ സോണൽ തലത്തിൽ ക്യാമ്പുകൾ നടത്തി അതിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട വർക്കാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്.
11 സാധാരണ വീൽചെയറുകൾ,
2 മോട്ടോർ വീൽചെയറുകൾ,
4 റെക്‌ളൈൻഡ് വീൽചെയറുകൾ,
സെറിബ്രൽ പാൾസി ബാധിച്ചവർക്കുള്ള 5 വീൽ ചെയറുകൾ, ചെയറുകൾ, വാക്കറുകൾ, ബുദ്ധിമാന്ദ്യം ബാധിച്ചവർക്കുള്ള കിറ്റുകൾ, എയർ ബെഡുകൾ തുടങ്ങി 15 ലക്ഷം രൂപ ചെലവിൽ 37 ഓളം ഇനം സഹായ ഉപകരണങ്ങളാണ് 158 ഗുണഭോക്താക്കൾക്കാണ് കോർപ്പറേഷൻ പരിധിയിൽ മൊത്തമായി വിതരണം ചെയ്യുന്നത്.
കെൽട്രോണിൽ നിന്നാണ് ആവശ്യമായ ഉപകരണങ്ങൾ വാങ്ങിയിട്ടുള്ളത്.
അവശ ജനവിഭാഗങ്ങളെ സഹായിക്കുന്നതിന് കോർപ്പറേഷൻ മുന്തിയ പരിഗണന നൽകുന്നുണ്ടെന്നും, അതിനാലാണ് ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത് എന്നും,അതു കൊണ്ട് തന്നെ നടപ്പ് സാമ്പത്തിക വർഷം ഭിന്നശേഷിക്കാർക്ക് ഉപകരണം വിതരണം ചെയ്യുന്നതിനായി 30 ലക്ഷം രൂപ കൂടി വകയിരുത്തിയിട്ടുണ്ടെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് മേയർ അഡ്വ. ടി ഒ മോഹനൻ പറഞ്ഞു. ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ഷമീമ ടീച്ചർ, അഡ്വ. പി ഇന്ദിര, ഷാഹിന മൊയ്തീൻ, സിയാദ് തങ്ങൾ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി കെ വിനോദ്, ശിശു വികസന പദ്ധതി ഓഫീസർ സി ദിവ്യ, കെൽട്രോൺ എക്സിക്യൂട്ടീവ് എ.എം ജിഷ തുടങ്ങിയവർ സംസാരിച്ചു.
മറ്റ് സോണലുകളിലെ ഉപകരണങ്ങളുടെ വിതരണം ഈ മാസം 30, 31 തീയ്യതികളിൽ നടക്കു൦.

Post a Comment