സംസ്ഥാനത്ത് തെരുവ് നായകളുടെ ആക്രമണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു. ഈ സാഹചര്യത്തില്‍ നായകളുടെ കടിയേറ്റാല്‍ സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ടോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയം ഉണ്ടാകും. എന്നാല്‍ തെരുവ് നായകളുടെ കടിയേറ്റാല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹത ഉണ്ട്. ജസ്റ്റിസ് സിരി ജഗന്‍ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം തെരുവുനായ കടിച്ചാല്‍ അതുമൂലം ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് വില്ലേജ്, പഞ്ചായത്ത്, കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി എന്നിവ നശഷ്ടപരിഹാരം നല്‍കേണ്ടതാണ്. 2016ല്‍ കേരളത്തില്‍ നിന്നും ഒരു വ്യക്തി തെരുവ് നായ കടിക്കുന്നത് മൂലമുള്ള നഷ്ടപരിഹാരം സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പൊതുതാല്പര്യ ഹര്‍ജി സുപ്രീംകോടതിയില്‍ നല്‍കിയിരുന്നു. കേസില്‍ വാദം കേട്ട അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇക്കാര്യത്തെക്കുറിച്ച് പഠിക്കാന്‍ രൂപികരിച്ച സമിതിയാണ് ജസ്റ്റിസ് സിരി ജഗന്‍ കമ്മിറ്റി. ഈ സമിതിക്കാണ് നഷ്ടപരിഹാരം ലഭിക്കാന്‍ പരാതി നല്‍കേണ്ടത്. പോസ്റ്റല്‍ വഴിയോ, ഇ-മെയില്‍ വഴിയോ ഈ പരാതി നല്‍കാം. ഒരു വെള്ളക്കടലാസില്‍ എവിടെവെച്ച് നായുടെ കടിയേറ്റു, എന്തൊക്കെ പരിക്കുകൾ പറ്റി, എന്തൊക്കെ നഷ്ടങ്ങള്‍ സംഭവിച്ചു, ആശുപത്രി ചെലവ്, മെഡിക്കല്‍ ബില്‍ എന്നിവയുടെ വിശദാംശങ്ങള്‍ എഴുതണം.
പരാതി നല്‍കേണ്ട മേല്‍വിലാസം
ജസ്റ്റിസ് സിരി ജഗന്‍ കമ്മിറ്റി, യു.പി എ.ഡി ഓഫീസ് ബില്‍ഡിംഗ്, ഫസ്റ്റ് ഫ്‌ലോര്‍, സ്‌പെഷ്യലിസ്റ്റ് ആശുപത്രിയ്‌ക്ക് സമീപം, പരമാര റോഡ്, കൊച്ചിന്‍ 682018.
2016ല്‍ രൂപീകരിച്ച സിരി ജഗന്‍ കമ്മിറ്റിയില്‍ ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്ടര്‍, റിട്ട: ഹൈക്കോര്‍ട്ട് ജഡ്ജി, ലോ സെക്രട്ടറി എന്നിവര്‍ അംഗങ്ങളാണ്. പരാതി ലഭിച്ചാലുടന്‍ സമിതി അതിലെ കാര്യങ്ങള്‍ പഠിച്ച് വ്യക്തത വരുത്തും. ശേഷം ആ പ്രദേശത്തെ പഞ്ചായത്ത്, വില്ലേജ്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ ഏതെങ്കിലും പ്രതിനിധിയെ ചര്‍ച്ചയ്‌ക്ക് വിളിക്കും. അതിന് ശേഷം നഷ്ടപരിഹാരത്തുക നിശ്ചയിക്കും.

Post a Comment