മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കോലത്തു നാട്ടിലെ കളിയാട്ടക്കാലത്തിന് തുടക്കമാവുന്നു; കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിൽ പുത്തരി അടിയന്തിരം ഒക്ടോബർ 26, 27 തീയതികളിൽ

കോലത്തു നാട്ടിലെ കളിയാട്ടക്കാലത്തിന് തുടക്കമാവുന്നു; കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിൽ പുത്തരി അടിയന്തിരം ഒക്ടോബർ 26, 27 തീയതികളിൽ

കൊളച്ചേരി : - ഉത്തര മലബാറിലെ തെയ്യ കാവുകൾ ഉണരുകയാണ്. തുലാം പത്തിന് കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിൽ നടക്കുന്ന പുത്തരി അടിയന്തിരത്തോടെയാണ് വടക്കേ മലബാറിലെ കളിയാട്ടക്കാലത്തിന് തുടക്കമാവുന്നത്.

കൊളച്ചേരി ശ്രീ ചാത്തമ്പള്ളി ക്ഷേത്രത്തിലെ ഈ വർഷത്തെ പുത്തരി അടിയന്തിരം ഒക്ടോബർ 26, 27 (തുലാം 9, 10)  തീയതികളിൽ നടക്കും.

ഒക്ടോബർ 26 ബുധനാഴ്ച രാവിലെ ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ശുദ്ധി പുണ്യാഹം, ഗണപതിഹോമം എന്നിവ ഉണ്ടായിരിക്കും. 10.30ന് പാലും അരിയും നിവേദ്യം വെക്കലും നടക്കും. തുടർന്ന് വൈകുന്നേരം ഇളംകോലം, വിഷകണ്ഠന്റെ വെള്ളാട്ടവും തോറ്റവും, ഗുളികന്റെ വെള്ളാട്ടം, എള്ളെടുത്ത് ഭഗവതിയുടെ കലശം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

തുലാം പത്ത് (ഒക്ടോബർ 27 വ്യാഴാഴ്ച) പുലർച്ചെ 4 മണിക്ക് ഗുളികൻ തിറയും 5 മണിക്ക് വിഷകണ്ഠൻ ദൈവം പുറപ്പെടലും ഉണ്ടാകും. തുടർന്ന് ദൈവത്തെ എതിരേൽക്കലും ചൊല്ലും വിളിയും നടക്കും. 

രാവിലെ 10 മണിക്ക് കരുമാരത്തില്ലത്ത് എഴുന്നള്ളിച്ചു പോകലും 11 മണിക്ക് എള്ളെടുത്ത് ഭഗവതിയും  ഉണ്ടാകും. 11.30ന് പത്രാട്ടിയിൽ അരിയിടൽ നടക്കും. ഉച്ചക്ക് 1 മണിക്ക് വലിയ തമ്പുരാട്ടിയും വഴിപാട് നിവേദ്യവും നടത്തും. വൈകുന്നേരം 6 മണിക്ക് ഹോമം ഉണ്ടായിരിക്കും. വൈകുന്നേരം 6 30ന് വിഷകണ്ഠൻ ദൈവത്തിന്റെ മുടിയിറക്കലും  7 മണിക്ക് ബലികർമ്മവും നടക്കും. രാത്രി 8 മണിക്ക് കഴകപ്പുരയിൽ നിവേദ്യം സമർപ്പണവും സമാപനവും ഉണ്ടായിരിക്കും. രണ്ടുദിവസവും പ്രസാദ സദ്യ ഉണ്ടായിരിക്കുന്നതാണ്.

കൊളച്ചേരി പഞ്ചായത്തിൽ കൊളച്ചേരി മുക്കിൽ നിന്നും രണ്ടു കിലോമീറ്റർ അകലെയായി നെല്ലിക്കപ്പാലം റോഡിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ തുലാം പത്തിനു നടക്കുന്ന പുത്തരി അടിയന്തിരം തന്നെയാണ് പ്രധാന ആഘോഷം.

എല്ലാ മാസത്തിലെയും സംക്രമ ദിനത്തിലും മറ്റു പ്രധാന ദിനങ്ങളിലുമാണ് നട തുറക്കുന്നത്. വിഷഹാരിയായ ചാത്തമ്പള്ളി കണ്ഠനെ വിഷകണ്ഠനായി കരുമാരത്തില്ലത്ത് തന്ത്രികളാണ് പ്രതിഷ്ഠിച്ച് ആരാധിച്ചതാണെന്നാണ് വിശ്വാസം. വിഷ രോഗങ്ങൾ മാറാനും സർപ്പഭയം അകലാനും ക്ഷേത്രത്തിൽ നടത്തുന്ന മുട്ടഒപ്പിക്കൽ വഴിപാട് പ്രസിദ്ധമാണ്. വിഷകണ്ഠൻ ദൈവത്തിന്റെ അനുഗ്രഹം തേടാനും വഴിപാട് നടത്താനും വൻ ഭക്തജന തിരക്കാണ് ഇവിടെ അനുഭവപ്പെടാറ്.

തുലാം പത്തിന് രാവിലെ അഞ്ചു മണിയോടെ ഇറങ്ങുന്ന വിഷകണ്ഠൻ തൈയ്യം വൈകുന്നേരം വരെ ഭക്തരുടെ സങ്കട നിവൃത്തി വരുത്തി അനുഗ്രഹം നൽകി കൊണ്ട് ക്ഷേത്രത്തിൽ ഉണ്ടാവും.

രാവിലെ പത്തു മണിക്ക് കരുമാരത്തില്ലത്തേക്ക് യാത്ര പോകുന്ന വിഷകണoൻ ദൈവത്തിനെ അനുഗമിച്ച് ഭക്തരും പ്രദേശവാസികളും ചേരുന്നതോടെ ഇവിടെ വിശ്വാസവും ആചാരവും ഗ്രാമത്തിന്റെതും കൂടി ആയി മാറുകയാണ് ഇവിടം. 

കൊളച്ചേരി ശ്രീ ചാത്തമ്പള്ളി ക്ഷേത്രത്തിലെ പുത്തരി അടിയന്തിരത്തിനു ശേഷമാണ് കോലത്തു നാട്ടിൽ തെയ്യം-തിറ മഹോൽസവത്തിന്റെ ദിനങ്ങൾക്ക് തുടക്കമാവുന്നത്. തുലാമാസത്തിൽ പത്താമുദയത്തിന് കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിലെ  കളിയാട്ടത്തോടെ ആരംഭിക്കുന്ന  വടക്കേ മലബാറിലെ തെയ്യക്കാലം ഇടവപ്പാതിയിൽ ( ഏകദേശം ജൂൺ 15) വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിലെ കളിയാട്ടത്തോടെ  അവസാനിക്കും.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്