മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പെരുമാച്ചേരി എ.യു.പി സ്കൂളിൽ ‘കതിർ കാർഷിക ക്ലബ്ബിന്റെ’ പച്ചക്കറിത്തൈ നടീൽ ഉദ്ഘാടനം നാളെ

പെരുമാച്ചേരി എ.യു.പി സ്കൂളിൽ ‘കതിർ കാർഷിക ക്ലബ്ബിന്റെ’ പച്ചക്കറിത്തൈ നടീൽ ഉദ്ഘാടനം നാളെ

മയ്യിൽ: പെരുമാച്ചേരി എ.യു.പി സ്കൂളിലെ ‘കതിർ കാർഷിക ക്ലബ്ബിന്റെ’ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പച്ചക്കറിത്തൈ നടീൽ ഉദ്ഘാടനം നാളെ (ഒക്ടോബർ 16) രാവിലെ 11 മണിക്ക് സ്കൂൾ പരിസരത്ത് നടക്കും. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ സി.സി ഉദ്ഘാടനം നിർവഹിക്കും.

കേരളത്തിന്റെ കാർഷിക പാരമ്പര്യം പുതുതലമുറയിലേക്ക് പകരുന്നതിനും വിദ്യാർത്ഥികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുന്നതിനുമായി കൃഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ‘കതിർ’. കേരള അഗ്രികൾച്ചർ ടെക്നോളജി ഹെറിറ്റേജ് ആൻഡ് ഇന്നവേഷൻ ഫോർ റൂറൽ അണ്ടർസ്റ്റാൻഡിങ് (KATHIR) എന്നതിന്റെ ചുരുക്കപ്പേരാണ് കതിർ. സംസ്ഥാനത്തെ 50 വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.

ആധുനിക ജീവിതശൈലിയും നഗരവൽക്കരണവും മൂലം പുതുതലമുറയിൽ കുറഞ്ഞുവരുന്ന കാർഷിക ആഭിമുഖ്യം വീണ്ടെടുക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, ജൈവവൈവിധ്യം സംരക്ഷിക്കുക, പരിസ്ഥിതി ബോധവും സുസ്ഥിര കാർഷിക രീതികളെക്കുറിച്ചുള്ള അറിവും വളർത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. പരമ്പരാഗത കൃഷിരീതികൾക്കൊപ്പം ആധുനിക കൃഷിസാങ്കേതികവിദ്യകളും ജൈവകൃഷി, പ്രകൃതികൃഷി തുടങ്ങിയ രീതികളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തും.

മണ്ണ്, ജലം, വായു എന്നിവയുടെ സംരക്ഷണത്തിനും വിഷരഹിതവും സുരക്ഷിതവുമായ ഭക്ഷണശീലം വളർത്തുന്നതിനും പദ്ധതി പ്രാധാന്യം നൽകുന്നു. വീടുകളിലും പരിസരങ്ങളിലും പോഷകത്തോട്ടങ്ങൾ ഒരുക്കാനും ഒഴിവുസമയങ്ങളിൽ കൃഷിയിൽ ഏർപ്പെടാനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കും. വളക്കൂട്ടുകൾ തയ്യാറാക്കുന്നതുൾപ്പെടെയുള്ള പ്രായോഗിക പരിശീലനങ്ങളും പദ്ധതിയുടെ ഭാഗമാണ്. കാർഷിക പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളിൽ ഉത്തരവാദിത്വബോധവും പ്രകൃതിയോടുള്ള കരുതലും വളർത്തുകയാണ് ലക്ഷ്യം.

പദ്ധതിയുടെ നടത്തിപ്പിനായി പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും സ്കൂൾ പ്രധാനാധ്യാപകൻ ചുമതലപ്പെടുത്തുന്ന പ്രതിനിധി കൺവീനറായും കൃഷി ഓഫീസർ ജോയിന്റ് കൺവീനറായും പ്രവർത്തിക്കുന്ന സമിതി രൂപീകരിക്കും. ബന്ധപ്പെട്ട വാർഡിലെ ജനപ്രതിനിധി, പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പി.ടി.എ പ്രതിനിധികൾ, മുതിർന്ന കർഷകർ എന്നിവരും സമിതിയിൽ അംഗങ്ങളാകും.

വിദ്യാർത്ഥികൾ ഉൽപ്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ പൊതുസമൂഹത്തിലെത്തിക്കുന്നതിനുള്ള വിപണനരീതികളെക്കുറിച്ചും കുട്ടികൾക്ക് പരിചയം നൽകും. വിദ്യാലയങ്ങളിൽ പദ്ധതി നടപ്പാക്കുന്നതിനായി കൃഷിവകുപ്പ് മുഖേന 10,000 രൂപയുടെ ധനസഹായവും സർക്കാർ നൽകുന്നുണ്ട്.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്