ഉപ്പിലിട്ടത് വിൽക്കുന്ന കടയിലെ ദ്രാവകം കഴിച്ച് രണ്ട് കുട്ടികൾക്ക് പൊള്ളലേറ്റു
ബീച്ചുകളിലേയും വഴിയോരത്തേയും പെട്ടിക്കടകളില്‍ മനോഹരമായ സ്ഫടിക കുപ്പികളിലുള്ള ഉപ്പിലിട്ടത് കോഴിക്കോട്ട് എത്തുന്നവരെ കൊതിപ്പിക്കാതിരിക്കില്ല. എരിവുള്ള കൈതച്ചക്കയും ആപ്പിളും നെല്ലിക്കയുമെല്ലാം വലിയ തോതില്‍ ഇവിടങ്ങളില്‍ വിറ്റ് പോകുന്നുണ്ട്.
ഇത്ര മധുരമുള്ള കൈതച്ചക്കയിലും ആപ്പിളിലുമെല്ലാം നന്നായി ഉപ്പ് പിടിക്കുന്നത് എങ്ങനെയെന്ന് സംശയിച്ചവര്‍ക്ക് ഉള്ള ഉത്തരമാണ് ഞായറാഴ്ച രണ്ട് കുട്ടികള്‍ക്കുണ്ടായ അനുഭവം.
ബീച്ചിലെത്തി ഉപ്പിലിട്ടത് കഴിച്ച കാസര്‍കോട് സ്വദേശികളായ രണ്ട് കുട്ടികള്‍ക്കാണ് വലിയ രീതിയില്‍ പൊള്ളലേറ്റത്. ഇതിനെ തുടര്‍ന്ന് ഉണ്ടായ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായ സംശയം ആരെയും ഞെട്ടിക്കുന്നതാണ്. പഴങ്ങള്‍ പെട്ടെന്ന് ഉപ്പ് പിടിക്കാന്‍ ആസിഡ് പ്രയോഗം നടത്തുന്നു എന്നാണ് പ്രാഥമിക നിഗമനം.
ഇത്തരം ഉപ്പിലിട്ടതിന് എതിരേ പല തവണ ഭക്ഷ്യ സുരക്ഷ വകുപ്പും കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗവുമെല്ലാം മുന്നറിയിപ്പ് നല്‍കിയിരുന്നു. എങ്കിലും ആരും ഈ മുന്നറിയിപ്പൊന്നും കാര്യമായി എടുക്കുന്നില്ല എന്നാണ് കഴിഞ്ഞ ദിവസമുണ്ടായ സംഭവം ഓര്‍മിപ്പിക്കുന്നത്.
ഉപ്പ് പിടിക്കാന്‍ സഹായിക്കുന്ന വീര്യം കൂടിയ അസറ്റിക് ആസിഡ് നേര്‍പ്പിക്കാതെ പോലും ഉപയോഗിക്കുന്നതായി ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. പലരും ഇത് രഹസ്യമായി സൂക്ഷിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം.
വീര്യം കൂടിയ അസറ്റിക് ആസിഡാണോ ഇതിനായി ഉപയോഗിച്ചത് എന്ന് സംശയിക്കുന്നതിനാല്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്. ഇക്കാര്യം തെളിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വരും ദിവസങ്ങളിലും സംയുക്ത പരിശോധന തുടരും.
ഞായറാഴ്ച വൈകിട്ടാണ് കാസര്‍കോട്ട് നിന്ന് മദ്രസാ വിദ്യാര്‍ഥികള്‍ക്ക് ഒപ്പം കോഴിക്കോട് എത്തിയ തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ മുഹമ്മദും സാബിദും വരക്കല്‍ ബീച്ചിലെ പെട്ടിക്കടയില്‍ നിന്ന് ഉപ്പിലിട്ടത് കഴിച്ചത്.
നല്ല എരിവുള്ള പൈനാപ്പിള്‍ കഴിച്ചതോടെ വെള്ളമെന്ന് കരുതി അടുത്ത് തന്നെ സൂക്ഷിച്ചിരുന്ന മിനറല്‍ വാട്ടര്‍ കുപ്പിയിലെ വെള്ളമെടുത്ത് കുടിച്ച മുഹമ്മദിനാണ് ആദ്യം പൊള്ളലേറ്റത്. അസ്വസ്ഥത തോന്നിയ മുഹമ്മദ് പെട്ടെന്ന് തുപ്പുകയും അത് കൂടെയുള്ള സാബിദിന്റെ പുറത്ത് വീഴുകയും ചെയ്തു. ഇരുവർക്കും കടുത്ത പൊള്ളലേറ്റു.
ലായനി കുടിച്ച ഉടന്‍ മുഹമ്മദിന്റെ ശ്വാസം പൂര്‍ണമായും നിലച്ച് പോയെന്ന് സഹോദരന്‍ പറയുന്നു. ഉടന്‍ തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കാനായതാണ് ഭാഗ്യമായത്. പിന്നീട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും വിനാഗിരി കുടിച്ചതാണെന്ന് പറഞ്ഞ് തിരിച്ചയച്ചു. പക്ഷെ നാട്ടിൽ എത്തിയതോടെ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുക ആയിരുന്നു. പുറത്ത് പൊള്ളലേറ്റ കുട്ടിയുടെ ദേഹത്തെ തൊലി കറുത്ത് പോയിട്ടുണ്ട്.
വായിലും അന്നനാളത്തിലും കുമിളകള്‍ ഉള്ളതിനാല്‍ എന്‍ഡോസ്‌കോപ്പി ചെയ്യാനാവുന്നില്ലെന്നും കൂടുതല്‍ പൊള്ളലേറ്റോ എന്ന് മനസ്സിലാക്കാൻ ആവുന്നില്ലെന്നും കുട്ടികളുടെ വീട്ടുകാർ പറയുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Post a Comment