ഭൂമിയെ ലക്ഷ്യമാക്കി വമ്പൻ സൗരവാതം: മുന്നറിയിപ്പുമായി ഗവേഷകർ
സൂര്യനിൽ നിന്ന് ഉടലെടുത്ത വമ്പൻ സൗരവാത പ്രവാഹം ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നെന്ന് ശാസ്ത്രജ്ഞർ. ഇന്ന് വൈകുന്നേരമോ നാളെ രാവിലെയോ ഇത് ഭൂമിയുടെ അന്തരീക്ഷത്തിൽ പതിക്കും എന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
സൂര്യനിലെ 'എആർ2936' എന്ന മേഖലയിലെ സൂര്യകളങ്കത്തിലാണ് സൗരവാതം ഉടലെടുത്തത്. ഭൂമിയോളം വലുപ്പമുള്ള ഈ മേഖലയിൽ നിന്നു മുൻപും സൗരവാതങ്ങൾ ധാരാളമായി ഉടലെടുത്തിട്ടുണ്ട്. മണിക്കൂറിൽ 23 ലക്ഷം കിലോമീറ്റർ വേഗത്തിലാണു സൗരവാതം ഭൂമിയിലേക്ക് എത്തുന്നത്.
ഭൂമിയിൽ പതിക്കും മുൻപ് എൻഒഎഎ ഡിസ്‌കവർ എന്ന ബഹിരാകാശ പേടകം സൗരവാതത്തെ കണ്ടെത്തും. തുടർന്നാകും പതിക്കൽ. ജനുവരി 30ന് സൂര്യനിൽ സംഭവിച്ച നാല് മണിക്കൂറോളം നീണ്ട് നിന്ന സൗര ദീപ്തിയാണ് (സോളർ ഫ്‌ളെയർ) സൗരവാതത്തിന് വഴിവച്ചത്.
ശത കോടിക്കണക്കിന് പദാർഥ കണികകൾ ഉൾപ്പെട്ടതാണ് സൗരവാതം. എആർ 2929 എന്ന മേഖലയിൽ നിന്ന് ഒരു സൗരവാതം ഉത്ഭവിച്ച് ആഴ്ചകൾക്ക് ശേഷമാണ് ഈ പുതിയ സൗരവാതം ഭൂമിയെത്തേടി എത്തുന്നത്. നേരത്തെ സൗരവാതം മൂലം ഇന്ത്യൻ മഹാസമുദ്രത്തിലെ ആശയ വിനിമയരംഗം താൽക്കാലികമായി സ്തംഭിച്ചിരുന്നു.
സൗരവാതം ഭൂമിക്കരികിൽ എത്തുമ്പോൾ അത് ഭൂമിയുടെ കാന്തിക മണ്ഡലവുമായി പ്രവർത്തനം നടത്തുകയും ഭൗമ കാന്തിക കൊടുങ്കാറ്റിന് വഴിയൊരുക്കുകയും ചെയ്യും. ഇതുമൂലം ബഹിരാകാശ പേടകങ്ങൾ, ഉപഗ്രഹങ്ങൾ തുടങ്ങിയവയ്ക്ക് പ്രതിസന്ധി നേരിടാം.
ഭൂമിയിലെ ആശയ വിനിമയരംഗത്തെ ഇത് ചിലപ്പോഴൊക്കെ ബാധിക്കുകയും ചെയ്യാം. ധ്രുവ ധീപ്തികൾ എന്നറിയപ്പെടുന്ന ഓറോറ പ്രകാശങ്ങൾ ധ്രുവ പ്രദേശത്ത് ഉടലെടുക്കുന്നതിനും സൗരവാതം കാരണമാകും. ഇത്തവണയും ഒരു ഭൗമകാന്തിക കൊടുങ്കാറ്റിനുള്ള സാധ്യത യു.എസ് അധികൃതർ പ്രവചിച്ചിട്ടുണ്ട്.
സാധാരണ ഗതിയിൽ സൗരവാതങ്ങൾ ജന ജീവിതത്തെ കടുത്ത നിലയിൽ ബാധിക്കാറില്ല. എന്നാൽ 1989ൽ ഒരു സൗരവാത പതനത്തിന്റെ ഫലമായി കാനഡയിലെ ക്യുബെക്കിൽ ഒമ്പത് മണിക്കൂറോളം വൈദ്യുതി മുടങ്ങിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലും സൗരവാതം ഭൂമിയെ ആക്രമിച്ചെങ്കിലും ആശയ വിനിമയത്തിലൊന്നും വലിയ തകരാർ സംഭവിച്ചില്ല.
Post a Comment