മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

പുസ്തകച്ചങ്ങലയിലെ കണ്ണികളായ് കുഞ്ഞുകരങ്ങൾ പുസ്‌തകച്ചങ്ങലയായി കുഞ്ഞുവായനക്കാർ

ഉയർത്തിപ്പിടിച്ച കൈകളിൽ കുഞ്ഞെഴുത്തുകളും വർണചിത്രങ്ങളുമുള്ള പുസ്‌തകങ്ങൾ ഉണ്ടായിരുന്നു. കുട്ടികളുടെ ഉള്ളം നിറയ്‌ക്കുന്ന വിശ്വസാഹിത്യകൃതികളുണ്ടായിരുന്നു. മാനവികതയും യുക്തിചിന്തയും പകരുന്ന കഥകളും ശാസ്‌ത്രഗ്രന്ഥങ്ങളുമായിരുന്നു ചിലരുടെ കൈകകളിൽ. പ്രകൃതിയോട്‌ ഇണങ്ങി ജീവിക്കാൻ കുട്ടികളെ ക്ഷണിക്കുന്ന പരിസ്ഥിതി ഗ്രന്ഥങ്ങളുമായാണ്‌ അനേകം കുട്ടികൾ പുസ്‌തകച്ചങ്ങലയിലെ കണ്ണിയായത്‌.  തായംപൊയിൽ എഎൽപി സ്‌കൂളും സഫ്‌ദർ ഹാഷ്‌മി സ്‌മാരക ഗ്രന്ഥാലയവും ചേർന്ന്‌ സംഘടിപ്പിക്കുന്ന ‘വായനാവിചാരം’ വായനാമാസാചരണത്തിന്റെ ഭാഗമായാണ്‌ വിദ്യാലയത്തിൽ നിന്ന്‌  വായനശാലയിലേക്ക്‌ പുസ്‌തകചങ്ങല തീർത്തത്‌.

 ജീവിതപഠനത്തിൽ വിദ്യാലയങ്ങളും വായനശാലകളും കൈകോർത്തുപിടിക്കേണ്ടവയാണെന്ന പാഠം കുട്ടികളിലെത്തിക്കുകയായിരുന്നു പുസ്‌തക ചങ്ങലയുടെ ദൗത്യം. കുട്ടികളിൽ വായനയുടെ പ്രധാന്യം എത്തിക്കുകയും പുസ്‌തകങ്ങൾ പരിചയപ്പെടുത്തുകയും ചങ്ങലയുടെ ലക്ഷ്യമായിരുന്നു. വായുവും ഭക്ഷണവും വെള്ളവുമെന്ന പോലെ ജീവിക്കാൻ അത്യാവശ്യമാണ്‌ പുസ്‌തകങ്ങളെന്നും വായനയെ എല്ലാക്കാലത്തും ഒപ്പം ചേർക്കുമെന്നും പ്രതിജ്ഞ ചെയ്‌താണ്‌ ചങ്ങലയിൽ കണ്ണികളായത്‌. സർവശിക്ഷാ കേരള കണ്ണൂർ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. രമേശൻ കടൂർ ആദ്യകണ്ണിയായി പ്രതിജ്ഞ ചൊല്ലി. വായനശാലാ ലൈബേറിയൻ എൻ അജിതയായിരുന്നു അവസാനകണ്ണി. രക്ഷിതാക്കളും അധ്യാപകരും  നാട്ടുകാരും ലൈബ്രറി പ്രവർത്തകരും കുട്ടികൾക്കൊപ്പം ചങ്ങലയിൽ കണ്ണിചേർന്നു.

 വിദ്യാരംഗം സാഹിത്യവേദിയുടെ പ്രവർത്തന ഉദ്‌ഘാടനവും അനുബന്ധമായി നടന്നു. ഡോ. രമേശൻ കടൂർ കുട്ടികൾ തയ്യറാക്കിയ വായനാച്ചങ്ങാത്തം പതിപ്പുകൾ പ്രകാശിപ്പിച്ചു. ഹെഡ്‌മിസ്‌ട്രസ്‌ കെ വി ഗീത സ്വാഗതം പറഞ്ഞു. വായനാവിചാരം പ്രവർത്തനങ്ങൾ ജൂലൈ 18 വരെ നീളും.
0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്