പ്രേക്ഷക മനസ്സുകളെ കീഴടക്കാനായി കൂത്തുപറമ്പിൽ നാടകങ്ങളെത്തുന്നു. ഡ്രാമ തിയേറ്റര്‍ കാര്‍ണിവല്‍ 2022 എന്ന പേരില്‍ സെപ്തംബര്‍ 4 മുതല്‍ 9 വരെ നടക്കുന്ന പരിപാടിയില്‍ 30 ഓളം നാടകങ്ങളാണ് അവതരിപ്പിക്കുക.
ഒരു കാലത്ത് മലയാളികള്‍ നെഞ്ചോടേറ്റുവാങ്ങിയ നാടകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ജനകീയകലയെ ജനങ്ങള്‍ക്കിടയിലേക്ക് തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യവും വച്ചാണ് കൂത്തുപറമ്പിൽ തിയേറ്റര്‍ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. കൂത്തുറമ്പ് തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ണ്ടറിസ്കൂളില്‍ പ്രത്യേകം സജ്ജമാക്കിയ 6 വേദികളിലാണ് നാടകങ്ങള്‍ അരങ്ങേറുക എന്ന് ഫെസ്റ്റ് ഡയറക്ടറും സംവിധായകനുമായ ജിനോ ജോസഫ് പറഞ്ഞു.
കേരളത്തിലെ പ്രഗത്ഭ നാടകസംവിധായകരും അഭിനേതാക്കളും ഇതിന്റെ ഭാഗമായി കൂത്തുപറമ്പിൽ എത്തിചേരും. പൊഫഷണല്‍ നാടകങ്ങള്‍, അമേച്വര്‍ നാടകങ്ങള്‍, പരീക്ഷണ നാടകങ്ങള്‍, കുട്ടികളുടെ നാടകങ്ങള്‍. കാക്കാരിശ്ശേരി നാടകം, പൊറാട്ട് നാടകം, ചവിട്ട് നാടകം തുടങ്ങിവയോടൊപ്പം ഏക പാത്ര നാടകം, ഹ്രസ്വ നാടകങ്ങള്‍ തുടങ്ങി എല്ലാ കാറ്റഗറികളിലെയും നാടകങ്ങളെ ഉള്‍പ്പെടുത്തിയാവും കാര്‍ണിവല്‍. ഇതിനോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തുമുള്ള പ്രഗല്‍ഭരായ സംവിധായകരെയും, രചയിതാക്കളെയും അഭിനേതാക്കളെയും ഉള്‍പ്പെടുത്തിക്കൊണ്ട് തിയേറ്റര്‍ വര്‍ക് ഷോപ്പും സംഘടിപ്പിക്കും.
തിയേറ്റര്‍ കാര്‍ണിവലിന്റെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം സിനിമാതാരം മമ്മൂട്ടി നിര്‍വ്വഹിച്ചു. ജിനോ ജോസഫ് ഡയറക്ടറും വിനോദ് നരോത്ത് സെക്രട്ടറിയും സുരേഷ് ചെണ്ടയാട് പ്രസിഡന്റും പി. ശിവദാസ് ട്രഷററുമായുള്ള സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ്.




Post a Comment