കളറിങ് പെന്‍സില്‍ വിഴുങ്ങി അവശനിലയിലായ വിദ്യാര്‍ത്ഥിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് അധ്യാപകര്‍.
സ്കൂളില്‍ വച്ച് പെന്‍സിലിന്റെ ഒരു ഭാഗം വിഴുങ്ങിയ കുട്ടി ചുമച്ച് അവശനാവുകയായിരുന്നു. ആശുപത്രിയില്‍ എത്തുന്നതുവരെ ജീവശ്വാസമായി അധ്യാപകര്‍ കൂടെ നിന്നതാണ് കുഞ്ഞിന് രക്ഷയായത്.
ചേലേമ്പ്ര പുല്ലിപ്പറമ്ബ് എസ്‌വിഎയുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി പ്രണവ് (6) ആണ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ ദിവസം സ്കൂള്‍ വിടാറായപ്പോഴാണു പ്രണവ് നിലയ്ക്കാതെ ചുമയ്ക്കുന്നത് അധ്യാപിക കെ.ഷിബിയുടെ ശ്രദ്ധയില്‍പെട്ടത്. കുട്ടിയുടെ പോക്കറ്റില്‍ കളറിങ് പെന്‍സിലിന്റെ ഒരുഭാഗം കണ്ടെത്തിയതോടെ ബാക്കി വിഴുങ്ങിയതാണെന്നു മനസ്സിലാക്കി. സ്കൂളിലെ അധ്യാപകനായ സുധീറിന്റെ വാഹനത്തില്‍ ഒന്നര കിലോമീറ്റര്‍ അകലെയുള്ള കല്ലമ്ബാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
അവിടെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. യാത്രയിലുടനീളം അധ്യാപകരായി ഷിബി, കെ.എ.ജിനി, സ്കൂള്‍ ജീവനക്കാരന്‍ ടി.താരാനാഥ്, ബിനോയ് എന്നിവര്‍ കൃത്രിമശ്വാസം നല്‍കുന്നതു തുടര്‍ന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച വിദ്യാര്‍ഥിയുടെ വയറ്റില്‍നിന്ന് എന്‍ഡോസ്കോപ്പി വഴി പെന്‍സില്‍ പുറത്തെടുത്തു. തീവ്രപരിചരണ വിഭാഗത്തിലുള്ള കുട്ടി സുഖം പ്രാപിച്ചുവരുന്നു. പാറയില്‍ കുഴിമ്ബില്‍ ജംഗീഷിന്റെ മകനാണ് പ്രണവ്. വിദ്യാര്‍ഥിയുടെ ചികിത്സാ ചെലവിന്റെ ഒരു ഭാഗം പ്രധാനാധ്യാപകന്‍ കെ.പി.മുഹമ്മദ് ഷമീമിന്റെ നേതൃത്വത്തില്‍ സ്കൂളില്‍നിന്നു സമാഹരിച്ചു.
Post a Comment