കണ്ണാടിപ്പറമ്പ: കെ.ടി ജലീൽ എം.എൽ.എ ഇന്ന് കണ്ണാടിപ്പറമ്പിൽ സർഗ്ഗ സംഗമം-2022 ഉദ്ഘാടനം ചെയ്യും. കണ്ണാടിപ്പറമ്പ വില്ലേജ് ന്യൂനപക്ഷ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് വൈകീട്ട് 5 മണിക്ക് കണ്ണാടിപ്പറമ്പ പീടികതെരുവിൽ വെച്ചു നടക്കുന്ന പരിപാടിയിൽ സമിതി മയ്യിൽ ഏരിയാ കമ്മിറ്റി സെക്രട്ടറി സി.പി നാസർ അധ്യക്ഷത വഹിക്കും. കെ.വി സുമേഷ് എം.എൽ.എ മുഖ്യാതിഥിയാകുന്ന പരിപാടിയിൽ സി.പി.എം മയ്യിൽ ഏരിയാ കമ്മിറ്റി സെക്രട്ടറി എൻ അനിൽകുമാർ സമ്മാനദാനം നിർവ്വഹിക്കും. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, സി.പി.എം കണ്ണാടിപ്പറമ്പ ലോക്കൽ സെക്രട്ടറി കെ ബൈജു, കെ.എൻ കാദർ എന്നിവർ പരിപാടിക്ക് ആശംസകളർപ്പിച്ചു സംസാരിക്കും. പ്രസ്തുത പരിപാടിയിൽ സമിതി സെക്രട്ടറി സി ഇബ്രാഹിംകുട്ടി സ്വാഗതവും, ഹാരിസ് പി.കെ നന്ദിയും പറയും.
പരിപാടിയുടെ ഭാഗമായി മാപ്പിളപ്പാട്ട്, പ്രസംഗം, മൈലാഞ്ചിയിടൽ എന്നീ മത്സരങ്ങളും കാലിഗ്രാഫി ചിത്രപ്രദർശനവും നടക്കും. ‘ടീം സ്മൈൽസ് മൊഞ്ചത്തീസ് കാസറഗോഡ്’ അവതരിപ്പിക്കുന്ന ട്രഡീഷണൽ ഒപ്പന, അറബിക് ഡാൻസ്, കോൽക്കളി, സിനിമാറ്റിക് ഒപ്പന തുടങ്ങിയവയും അരങ്ങേറും. പരിപാടിയിൽ കാലു കൊണ്ട് ചിത്രം വരച്ച് ശ്രദ്ധേയനായ പുല്ലൂപ്പിയിലെ അനജ് ഗ്രാമകേളി, ചിത്ര പ്രതിഭ ഹിഷാം കണ്ണാടിപ്പറമ്പ, പ്രശസ്ത ഗായകൻ വാഹിദ് കണ്ണാടിപ്പറമ്പ എന്നിവരെ ആദരിക്കും.

Post a Comment