മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ലൊക്കേഷന്‍ അയച്ചുകൊടുത്ത് പതിനഞ്ചുകാരി; ലഹരിയുമായി രാത്രിയെത്തി യുവാവ്‌ ‌| വലിച്ചെറിയൂ ഈ വിഷലോകം

ലൊക്കേഷന്‍ അയച്ചുകൊടുത്ത് പതിനഞ്ചുകാരി; ലഹരിയുമായി രാത്രിയെത്തി യുവാവ്‌ ‌| വലിച്ചെറിയൂ ഈ വിഷലോകം

ചെറിയ അളവില്‍ ലഹരി ഉപയോഗിക്കുന്നത് നല്ല ഊര്‍ജവും ഉന്‍മേഷവും സമ്മാനിക്കുമെന്ന പ്രചാരണമാണ് കുട്ടികളെ കൂടുതല്‍ ലഹരിയുടെ വലയിലാക്കപ്പെടുന്നത്

ദിവസേനയുള്ള പോലീസ് പരിശോധനയ്ക്കിടെയാണ് അസാധാരണമായി ഒരു യുവാവ് റസിഡൻഷ്യൽ ഏരിയയിൽ കോഴിക്കോട്ടെ പോലീസുകാരുടെ ശ്രദ്ധയിൽ പെടുന്നത്. സമയം രാത്രി ഏറെ വൈകിയിരുന്നു. ഇയാളുടെ ബൈക്ക് പരിശോധിച്ചപ്പോൾ പോലീസിന് ലഭിച്ചത് മാരകമായ സിന്തറ്റിക് ലഹരിമരുന്നുകളാണ്. ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞത് വാട്സാപ്പിൽ കിട്ടിയ ലൊക്കേഷനിലേക്ക് ലഹരി മരുന്ന് വിതരണം ചെയ്യാൻ പോവുകയാണെന്ന വിവരമാണ്. പക്ഷെ ആരാണ് ഓർഡർ ചെയ്തതെന്ന് ചോദിച്ചപ്പോൾ കാരിയറായി വന്ന ഈ യുവാവിന് ആളെ അറിയില്ല. മറ്റൊരു ഏജന്റ് ലൊക്കേഷൻ അയച്ചുകൊടുത്തത് പ്രകാരം .

അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് 15 വയസ്സുള്ള പെൺകുട്ടിയെ. കോഴിക്കോട്ട് സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി. ഉമേഷിന്റെ ഈ വാക്കുകൾ നമ്മുടെ ഓരോരുത്തരുടേയും കണ്ണ് തുറപ്പിക്കേണ്ടതാണ്. പെൺകുട്ടിയുടെ വീട്ടുകാർക്ക് ഇത് സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ഇത്തരത്തിൽ ലഹരിക്ക് അടിമപ്പെടുന്ന പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന സംഘവും സജീവമാണെന്നാണ് പോലീസുകാർ നൽകുന്ന വിവരം. എനിക്ക് പ്രായമായി, ഞാൻ മുതിർന്ന കുട്ടിയായി എന്ന് കാണിക്കാൻ ലഹരി ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണവും വർധിക്കുകയാണെന്നും പോലീസുകാർ ചൂണ്ടിക്കാട്ടുന്നു. ഓൺലൈനിൽ വസ്ത്രങ്ങളും ഭക്ഷണങ്ങളും മാത്രമല്ല, ലഹരിമരുന്നുകളും ആരുമറിയാതെ യഥേഷ്ടം കുട്ടികൾക്കിടയിലേക്ക് എത്തുന്നുവെന്ന് പറയുന്നുണ്ട് പോലീസുകാർ.

ചെറിയ അളവിൽ ലഹരി ഉപയോഗിക്കുന്നത് നല്ല ഊർജവും ഉൻമേഷവും സമ്മാനിക്കുമെന്ന പ്രചാരണമാണ് കുട്ടികളെ കൂടുതൽ ലഹരിയുടെ വലയിലാക്കപ്പെടുന്നത്. ഉറക്കം വരാതെ ദീർഘനേരം ഊർജസ്വലരായി കാര്യങ്ങൾ ചെയ്യാനാവുമെന്ന തെറ്റായ ബോധവും കുട്ടികളിലേക്ക് വിൽപ്പനക്കാരെത്തിക്കുന്നു. എന്നാൽ, ഇത് ശരിയല്ലെന്ന് മാത്രമല്ല തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണമാണെന്നാണ് മാനസികാരോഗ്യ വിദഗ്ധർ പറയുന്നത്.

കാൻസർ മരുന്ന് പോലും യഥേഷ്ടം കുട്ടികൾക്ക് കിട്ടുകയും അവ ലഹരിക്കായി ഉപയോഗിക്കുകയും ചെയ്യുന്ന പ്രവണത കുട്ടികളിൽ കണ്ടുവരുന്നതായി പറയുന്നു മാനസികാരോഗ്യ വിദഗ്ധനും ഐ.എം.എ. കമ്മിറ്റി ഫോർ മെന്റൽ ഹെൽത്ത് കൺവീനറമായ ഡോ. പി.എൻ. സുരേഷ് കുമാർ. കാൻസറിന്റെ ഏറ്റവും അവസാന സ്റ്റേജിൽ മറ്റൊരു മരുന്നുകൊടുക്കാനില്ലാതെ വരുമ്പോൾ വേദന കുറക്കാൻ നൽകുന്ന ഗുളികകൾ പോലും ഇവരുടെ കയ്യിലെത്തുന്നു. ഇത്തരം മരുന്നകൾ യഥേഷ്ടം കുട്ടികളിലെത്തിക്കാൻ വലിയ ചെയിൻ തന്നെ പ്രവർത്തിക്കുന്നുണ്ട്. പല ഓൺലൈൻ വ്യാപാര സൈറ്റുകളും ഇത്തരം മരുന്ന് ഒരു കുറിപ്പടിയും ആവശ്യമില്ലാതെ വിൽപ്പന നടത്തുന്നു. പെൺകുട്ടികളും ഇത്തരം മരുന്നിന്റെ അടിമകളാണ്. കാൻസർ മരുന്നിന് പുറമെ ഹൃദയാഘാതം ഉണ്ടായവർക്ക് വേദന കുറക്കാൻ നൽകുന്ന മരുന്നുകളും, ഓപ്പറേഷന് ശേഷം വേദന കുറക്കാൻ നൽകുന്ന മരുന്നുകളുമെല്ലാം യഥേഷ്ടം കുട്ടികൾക്ക് ലഭിക്കുന്നു. ചില മെഡിക്കൽ സ്റ്റോറുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. കൃത്രിമ ഉറക്കം സമ്മാനിക്കുമെന്നതിനാലാണ് കുട്ടികൾ ഇത്തരം ഗുളികകൾക്ക് അടിമകളാവുന്നത്).

ലഹരിമരുന്ന് ഉപയോഗം അപകടകരമായ ഉൻമേഷവും ഊർജവും മാത്രമേ നൽകുകയുള്ളൂവെന്ന് പറയുന്നു വിദഗ്ധർ. തലച്ചോറിന്റെ മുൻഭാഗത്ത് ഡോപമിൻ എന്ന രാസവസ്തുവുണ്ട്. നമ്മുടെ ശരീരത്തിൽ ഏറെ ശ്രദ്ധയോടെയും ഏകാഗ്രതയുടെയും നിയന്ത്രണം വഹിക്കുന്ന രാസവസ്തു. ഡോപമിൻ കൂടുമ്പോഴാണ് സന്തോഷം കിട്ടുക. കളിക്കുമ്പോൾ, പാട്ടു കേൾക്കുമ്പോൾ, മറ്റുള്ളവരുമായി നല്ല കാര്യങ്ങൾ സംസാരിക്കുമ്പോൾ. അങ്ങനെ ആരോഗ്യകരമായ വിനോദങ്ങളിൽ ഏർപ്പെടുമ്പോഴൊക്കെ ഡോപമിന്റെ അളവ് വളരെ സാവധാനംകൂടും. അതും ഒരു പരിധിവരെ മാത്രം. പിന്നെ പതിയെ ആ അളവു കുറഞ്ഞ് സാധാരണനിലയിലാകും.

ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോഴും ഡോപമിന്റെ അളവുകൂടും. പൊടുന്നനെ, കുത്തനെയാണ് ഈ അളവ് കൂടുക. അത് മിഥ്യാനുഭവങ്ങളും മിഥ്യാവിശ്വാസങ്ങളും നമ്മളിലുണ്ടാക്കും. ഇല്ലാത്തത് ഉണ്ടെന്ന് തോന്നുക, ആരോ ഉപദ്രവിക്കാൻ വരുന്നുണ്ടെന്ന് തോന്നുക, ചെവിയിൽ അശരീരി ശബ്ദങ്ങൾ മുഴങ്ങുന്നതായി അനുഭവപ്പെടുക എന്നീ ലക്ഷണങ്ങൾ കാണിക്കും. കുത്തനെ കൂടുന്ന ഡോപമിൻ കുത്തനെത്തന്നെ കുറയുകയാണ് ചെയ്യുക. അങ്ങനെ കുറയുമ്പോൾ ഒന്നും ചെയ്യാൻ താൽപര്യമില്ലാത്ത അവസ്ഥയിലേക്ക് മനസ്സു മാറും. പഠിക്കാൻ താൽപര്യമില്ല, ജോലി ചെയ്യാൻ ഇഷ്ടമില്ല, സംസാരിക്കാൻ വിമുഖത. ഇതൊക്കെ ലഹരി ഉപയോഗം വർധിക്കുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങളാണ്.

അർധരാത്രി പ്രായപൂർത്തിയാവാത്ത മകളെ തേടിയെത്തിയ യുവാവ്

അവിശ്വസനീയമെന്ന് തോന്നിപ്പോവും ലഹരി വിരുദ്ധ സ്ക്വാഡിലെ പോലീസുകാരും എക്സൈസ് ഉദ്യോഗസ്ഥരുമെല്ലാം പറയുന്ന ചില അനുഭവങ്ങൾ കേൾക്കുമ്പോൾ. എന്റെ കുട്ടിക്കായി അവർ പറയുന്നതെല്ലാം ചെയ്ത് കൊടുക്കുന്നുണ്ടെന്നും അവർ ഒരിക്കലും വഴിതെറ്റില്ലെന്നും വിശ്വസിക്കുന്ന രക്ഷിതാക്കൾ ഇത്തരത്തിലുള്ള പൊള്ളുന്ന അനുഭവങ്ങൾ നിർബന്ധമായും കേൾക്കുക തന്നെ വേണം. അതുകൊണ്ടു തന്നെയാണ് പതിവായുള്ള വെറും കണക്കുകൾക്ക് പകരം അനുഭവങ്ങളിലേക്കും ഞെട്ടിക്കുന്ന യാഥാർഥ്യത്തിലേക്കും കണ്ണു തുറപ്പിക്കാൻ മാതൃഭൂമി ഡോട്കോം കാമ്പയിന് തുടക്കമിട്ടതും.

തൃശ്ശൂരിലെ ലഹരി വിരുദ്ധ സ്ക്വാഡിലെ ഒരു അനുഭവം എങ്ങനെ നമ്മുടെ കുട്ടികൾ, പ്രത്യേകിച്ച് പെൺകുട്ടികൾ അവർ പോലുമറിയാതെ ലഹരിയുടേയും അതുവഴി ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതിന്റേയും ഇരയായി മാറുന്നുവെന്ന് കണ്ണു തുറപ്പിക്കുന്നതാണ്. പോലീസിന് ലഭിച്ച വീട്ടുകാരുടെ ഒരു പരാതിയിലാണ് തുടക്കം. അച്ഛനും അമ്മയും പ്രായപൂർത്തിയാകാത്ത മകളുമാണ് വീട്ടിലെ താമസക്കാർ. ചുറ്റുമതിലുള്ള സാമാന്യം ഭേദപ്പെട്ട ഒരു വീട്. വീട്ടുവളപ്പിൽ പെട്ടെന്ന് ഒരു ദിവസം മദ്യക്കുപ്പിയും സിറിഞ്ചും ഉപയോഗിച്ച ഗർഭനിരോധന ഉറകളും മറ്റും കണ്ടെത്തി. ആദ്യം ഇത് കാര്യമാക്കാതെ വീട്ടുകാർ നശിപ്പിച്ചു കളഞ്ഞു. സംഭവം സ്ഥിരമായതോടെ സാമൂഹിക വിരുദ്ധരാകാം പിന്നിലെന്ന് കരുതിയാണ് പോലീസിൽ പരാതി നൽകിയത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തി. ഒന്ന് രണ്ട് ദിവസത്തെ മേഖലയിലെ പോലീസ് പട്രോളിങ് കൊണ്ട് തന്നെ വീട്ടുകാരുടെ പരാതിക്ക് ഫലമുണ്ടായി. പോലീസ് പട്രോളിങ് അവസാനിച്ചതോടെ വീണ്ടും വീട്ടുവളപ്പിൽ മുമ്പ് കണ്ടെത്തിയ അതേ സാധനങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടാൻ തുടങ്ങി. അങ്ങനെ വീണ്ടും വീട്ടുകാർ പോലീസിനെ സമീപിക്കുകയായിരുന്നു.

സംഭവത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തി കയ്യോടെ പിടികൂടാൻ തീരുമാനിച്ച പോലീസ് ഇത്തവണ പട്രോളിങ് ഒഴിവാക്കി മഫ്തിയിൽ രണ്ട് പോലീസുകാരെ നിയോഗിച്ചു. ഈ പരിശോധനയിൽ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരമാണ്. രണ്ട് നിലകളുള്ള വീട്ടിലേക്ക് പിൻവശത്ത് കൂടി ഒരു യുവാവ് കയറിൽ തൂങ്ങി രണ്ടാം നിലയിൽ കയറുന്നു. പെൺകുട്ടി വാതിൽ തുറന്ന് കൊടുത്തപ്പോൾ ഇയാൾ അകത്തേക്ക് കയറുകയും ചെയ്തു.

വീട്ടിലെത്തിയ യുവാവ് ഗുണ്ടാ ആക്ടിൽ മുൻപ് അറസ്റ്റിലായിട്ടുള്ള വ്യക്തിയായിരുന്നു. ഇയാളെ ഈ കേസിൽ പോക്സോ വകുപ്പ് ചുമത്തി ശിക്ഷിച്ചു. പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന ഇയാൾ മദ്യവും മയക്കുമരുന്നും നൽകി കുട്ടിയെ ശീരീരികമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു.

ലഹരിക്ക് അടിമ; ചോദ്യം ചെയ്തപ്പോൾ അമ്മയക്ക് മർദനം

പെൺകുട്ടികൾ ലഹരി ഉപയോഗിക്കുന്നത് എത്രമാത്രം വർധിച്ചിരിക്കുന്നുവെന്നതിന്റെ മറ്റൊരു തെളിവാണ് കോഴിക്കോട് സ്വദേശികളായ ഡോക്ടർ ദമ്പതിമാരുടെ അനുഭവം. വീട്ടിൽ അച്ഛനും അമ്മയും ഡോക്ടർമാരാണ്. ഇവരുടെ ഏക മകൾ ലഹരിക്ക് അടിമയായ വിവരം വീട്ടുകാർ അറിയുന്നത് അക്രമാസക്തമായി അമ്മയെ മർദിച്ചപ്പോഴാണ്. അത് ചോദ്യം ചെയ്ത പിതാവിന് നേരെ മകൾ കൈ ഉയർത്തുകയും ചെയ്തു.

വീട്ടിൽ രണ്ട് മുറികളിലായാണ് അച്ഛനും അമ്മയും പ്രാക്ടീസ് ചെയ്യുന്നത്. മകൾക്ക് ഭക്ഷണം കൊടുക്കാൻ അമ്മയാണ് അകത്തേക്ക് പോകാറുള്ളത്. ശേഷം ഇവർ പുറത്തേക്ക് വരും. ഒരു ദിവസം മകൾക്ക് ഭക്ഷണം കൊടുക്കാൻ അമ്മ അകത്തേക്ക് പോയ ശേഷം പുറത്തേക്ക് വന്നില്ല. അകത്ത് ബഹളം കേട്ട് അച്ഛൻ ചെന്ന് നോക്കിയപ്പോൾ കണ്ടത് അമ്മയെ മകൾ മർദിക്കുന്നതാണ്. ഇത് ചോദ്യം ചെയ്ത പിതാവിനെ അടിക്കാൻ കൈ ഉയർത്തിയപ്പോൾ കൈയിൽ ലഹരി മരുന്ന് കുത്തിവെച്ചതിന്റെ പാടുകൾ കാണുകയും ചെയ്തു.

മുൻപ് ഇതേ പാടുകൾ കണ്ട് ചോദിച്ചപ്പോൾ കൊതുക് കടിച്ചതാണെന്നാണ് മകൾ പറഞ്ഞത്. ഇത്രയും കാലമായിട്ടും ഇത് മാറിയില്ലെന്നതിൽ ഡോക്ടർക്ക് സംശയം തോന്നിയാണ് പരിശോധന നടത്തിയത്. മകൾ ലഹരിമരുന്നിന് അടിമയായെന്ന് മനസ്സിലാക്കിയ കുടുംബം പോലീസിന്റെ സഹായം തേടുകയും മകളെ ലഹരിമുക്തി കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ലഹരി ഉപയോഗത്തിൽനിന്ന് മുക്തി നേടിയ പെൺകുട്ടി ജീവിതത്തിലേക്ക് തിരികെ വരികയും ചെയ്തു.

വിതരണക്കാരനാവുന്ന ഉപഭോക്താവ്

കഴിഞ്ഞ കുറച്ചുകാലമായി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന വാഹന മോഷണക്കേസുകളുടേയും പിടിച്ചുപറി കേസുകളുടേയുമെല്ലാം മൂലകാരണത്തിലേക്ക് പോലീസ് അന്വേഷിച്ച് പോവുമ്പോൾ കണ്ടെത്തുന്നത് ലഹരിവസ്തുക്കളുടെ ഉപയോഗമാണ്. അധികം പണം ചെലവാക്കാതെ ചെറിയ അളവിൽ ലഹരി ഉപയോഗിച്ച് തുടങ്ങുന്നതാണ് തുടക്കം. ലഹരി വിൽപ്പനക്കാർ വിദ്യാർഥികളേയടക്കം കെണിയിൽ വീഴ്ത്തുന്നത് ഇങ്ങനെയാണ്. ആദ്യം വെറുതേയും പിന്നീട് ചെറിയ പണം വാങ്ങിയും ഉപയോഗിക്കാൻ പ്രേരിപ്പിക്കും.

പതിയെ സാധനം നൽകുന്നതിന്റെ അളവ് കൂട്ടി ഒരു സുപ്രഭാതത്തിൽ കൊടുക്കുന്നത് നിർത്തും. അപ്പോഴേക്കും സാധാനം കിട്ടാതെ പറ്റാത്ത അവസ്ഥയിലാവും. ഉപയോഗം കൂടുന്നത് അനുസരിച്ച് ആവശ്യത്തിന് ലഹരിമരുന്ന് വാങ്ങാൻ കൈയിൽ പണമില്ലാതാകും. ഒടുവിൽ പരിഹാരമെന്നോണം വിൽപ്പനക്കാരനാക്കും ഉപയോഗിക്കാനുള്ള ലഹരിമരുന്നും കൊടുക്കും. കൂടുതൽ ലഹരിമരുന്ന് കിട്ടാനും അത് വിൽപ്പന നടത്താനുമുള്ള പണത്തിനായി മോഷണം തുടങ്ങുകയും ചെയ്യുമെന്ന് പറയുന്നു പോലീസ്.ഈ കെണിയിൽ വീണാൽ പിന്നെ സ്വയം ആഗ്രഹിച്ചാലും ഒരു തിരിച്ചുപോക്ക് ഏറെക്കുറേ അസാധ്യമാണെന്നും ഉദ്യോഗസ്ഥർ.

കഞ്ചാവിനെ അപേക്ഷിച്ച് സൂക്ഷിക്കാനും കൊണ്ട് നടന്ന് വിൽപ്പനയ്ക്കും കൂടുതൽ സൗകര്യമാണെന്നതിനാലാണ് സിന്തറ്റിക് ലഹരിയിലേക്ക് ഇവയുടെ വിൽപ്പനക്കാരെ എത്തിക്കുന്നതന്ന് പറയുന്നു ശംഖുമുഖം എ.സി.പി. ഡി.കെ. പൃത്വിരാജ് പറയുന്നു. ഒപ്പം കൈയിൽ എത്തുന്ന നോട്ടുകെട്ടുകളുടെ എണ്ണവും കൂടുതലാണെന്നത് ആകർഷണം കൂട്ടുന്നു. ഉപയോഗിക്കുന്നവർക്കും താൽപര്യം ഇതാണ്. എം.ഡി.എം.എ. കാരിയർമാരെ പിടികൂടുമ്പോൾ ഭൂരിഭാഗവും പണ്ട് കഞ്ചാവ് കേസുകളിൽ പോലീസിന്റേയും എക്സൈസിന്റേയും പിടിയിലായവരാണെന്നാണ് മനസ്സിലാകുന്നതെന്നും പൃത്വിരാജ് ചൂണ്ടിക്കാട്ടുന്നു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്